ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടി, വാഗമണ്ണിൽ നിർത്തിയിട്ട കാർ ഒലിച്ചുപോയി ഒരു മരണം

By Web TeamFirst Published Aug 7, 2020, 6:17 AM IST
Highlights

ഇടുക്കി വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഇടുക്കി/ എറണാകുളം: ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ രാത്രിമഴ വിതച്ചത് വൻനാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇടുക്കി ജില്ലയിൽ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്. 

പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകടസാധ്യതാമേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കി ജില്ലയിൽ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാമും തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്നാറിൽ കനത്ത മഴയാണ്. മൂന്നാർ ഗ്യാപ് റോഡിൽ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഇക്കാനഗറിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരുന്നതിൽ നാട്ടുകാർ ആശങ്ക രേഖപ്പെടുത്തുന്നുമുണ്ട്. മൂന്നാർ - ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവര താത്കാലിക പാലം ഒലിച്ചുപോയി. ഈ വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചു. രാജാക്കാട്, രാജകുമാരി, മാങ്കുളം മേഖലകളിൽ മൂന്ന് ദിവസമായി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ രണ്ടാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ട എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

എറണാകുളം

എറണാകുളത്ത് രണ്ടിടങ്ങളിലായി ഇന്നലെ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ രണ്ടിടങ്ങളിലായി വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. നായരമ്പലം സ്വദേശി സന്തോഷ് വൈപ്പിൻ സ്വദേശി അഗസ്റ്റിൻ എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. കൊവിഡ് രൂക്ഷമായ ചെല്ലാനം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നു.

കോതമംഗലം കടവൂരിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവർത്തിക്കും. 30 കുടുംബങ്ങൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

പത്തനംതിട്ട

പത്തനംതിട്ടയിൽ ഓഗസ്റ്റ് പത്താം തീയതി വരെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. മഞ്ഞ അലർട്ടിന്‍റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ ഒഴിവാക്കാനാണ് നടപടി. ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലർട്ടാണ് പത്തനംതിട്ട മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്‍റിമീറ്റർ ഉയർത്തി. കക്കട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്‍റീമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്‍റീമീറ്ററാണ് ഉയർത്തിയത്. 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടിൽ ജലനിരപ്പ് 192.63 മീറ്ററായി. 

click me!