
കോഴിക്കോട്: ജൂലൈ 19 മുതല്‍ ആരംഭിച്ച മഴ വടക്കന്‍ കേരളത്തില്‍ ഇന്നും തുടരുന്നു. കാസര്‍ക്കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്നതോടെ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.
കാഞ്ഞങ്ങാട്,നീലേശ്വരം,പൂല്ലൂര്‍, പെരിയ,മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. കണ്ണൂര്‍ ഇരിട്ടി മണിക്കടവില്‍ ഇന്നലെ ജീപ്പ് മറിഞ്ഞ് കാണാതായ ലതീഷിന്‍റെ മൃതദേഹം ഇന്ന് കിട്ടി.
കണ്ണൂര്‍ തവകരയില്‍ വെള്ളം കയറിയതിനെ മാറ്റി പാര്‍പ്പിച്ച 85 പേര്‍ ഇപ്പോഴും ക്യാംപുകളില്‍ തന്നെ തുടരുകയാണ്. മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. 89 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും മഴ പെയ്യുന്നുണ്ട്. എന്നാല്‍ ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അഞ്ച് ദിവസം മഴ തിമിര്‍ത്ത് പെയ്തതോടെ സംസ്ഥാനത്തെ മഴക്ഷാമം 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസര്‍ക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ മഴക്കുറവ് പരിഹരിക്കപ്പെട്ടു. നാളെയോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ പ്രവചനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam