സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടു; നാല് ദിവസം കൂടി മഴ, എട്ട് ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ട്

By Web TeamFirst Published Sep 7, 2020, 7:22 PM IST
Highlights

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ്വ്യാപകമായ മഴ കിട്ടിയത്. നാല് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് വ്യാപകമായി മഴ കിട്ടിയത്. നാല് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്കാലാവസ്ഥ പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അ‍ഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ട് മുതലാണ് സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്. അറബില്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ കൂടുതല്‍ ശക്തിപ്പെട്ടത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളത്തും വയനാടും ഇടുക്കിയിലും കണ്ണൂരും കാസര്‍ഗോടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി.കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ശക്തമായ മഴയില്‍ തകര്‍ന്നു. ഇവിടേക്ക് ഉള്ള ഗതാഗതം തടസ്സപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയത് ഗതാഗത കുരുക്കിനിടയാക്കി. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കാര്യമായ അനിഷ്ട സംഭവങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്.

മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പടുവിച്ചിട്ടുണ്ട്.

click me!