
ഇടുക്കി: നാടിനെ നടുക്കിയ മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണം അമ്പത്തിരണ്ടായി. കാലാവസ്ഥയെയും പ്രതീകൂല സാഹചര്യങ്ങളേയും മറികടന്ന് ദുരന്ത ഭൂമിയിൽ തെരച്ചിൽ തുടരുന്ന രക്ഷാ പ്രവര്‍ത്തകര്‍ പുഴയിൽ നിന്നാണ് മൃതദേഹം വീണ്ടെടുത്തത്. ഇനി 18 പേരെ കൂടി കണ്ടെത്താനുണ്ട്.
ഇനി കണ്ടെത്താനുള്ളതിലേറെയും കുട്ടികളെയാണ്. കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചിൽ ദുഷ്കരമാക്കുന്നത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.
തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരുന്നുണ്ട്. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാഹചര്യത്തിൽ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക.
പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഡിഎൻഎ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam