
ഇടുക്കി: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇതോടെ മരണം 58 ആയി. പെട്ടിമുടിയിൽ 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തെരച്ചിൽ തുടരാൻ തീരുമാനമായത്. യോഗത്തിൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു. പെട്ടിമുടിയിൽ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്.
ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരിക്കേറ്റവർക്കും സഹായം എത്തിക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചു. കന്നിയാറിലാണ് നിലവിൽ പ്രധാനമായും തെരച്ചിൽ നടത്തുന്നത്. പെട്ടിമുടിയിൽ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങൾ എത്തിച്ച് നടത്തുന്ന തെരച്ചിലിൽ കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam