രാജമലയിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചു, ഇന്ന് കണ്ടെത്തിയത് ആറ് പേരെ; മരണം 49 ആയി

By Web TeamFirst Published Aug 10, 2020, 11:44 AM IST
Highlights

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തിയവരാണ്. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു

ഇടുക്കി: രാജമലയിൽ മണ്ണൊലിപ്പിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ഇതുവരെ ആറ് മൃതദേഹങ്ങളാണ് ലഭിച്ചത്. പുഴയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ മാറിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. അതിൽ തന്നെ അധികവും കുട്ടികളാണ്.

വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്ഫോടക വസ്തുക്കൾ ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തിയവരാണ്. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു. ആയിരത്തിലേറെ പേർ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്. 

നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും' 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കൊവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂർണ്ണമായും ക്വാറന്റീനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതും ആശ്വാസമായി.

click me!