
നേമം വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നേമം പിടിച്ചടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നേമത്ത് നടന്നത്. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെഎസ് ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി. 2016-ൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ നേരത്തെ മണ്ഡലത്തിൽനിന്നും വിജയിച്ചു കയറിയിരുന്നു. അന്നും ശിവൻകുട്ടി തന്നെയായിരുന്നു എതിർ സ്ഥാനാർഥി.
2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ എത്തിയെങ്കിലും ശിവൻകുട്ടി ജയിച്ചുകയറി. എന്നാൽ 2026-ൽ ശിവൻകുട്ടിക്കും ഇടതുപക്ഷത്തിനും പാളി. രാജീവ് ചന്ദ്രശേഖർ ജയിച്ചുകയറുകയായിരുന്നു. 922 പോസ്റ്റൽ വോട്ടുകളായിരുന്നു രാജീവ് ചന്ദ്രശേഖരന് ലഭിച്ചത്. ഇവിഎം വഴി കിട്ടിയത് 56270 വോട്ടുകളായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ശിവന്‍കുട്ടിക്ക് രാജീവ് ചന്ദ്രശേഖറിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം വഴി വിജയിച്ചു കയറാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലുകളാണ് പിഴച്ചത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 55,837 വോട്ടുകളായിരുന്നു വി ശിവൻകുട്ടിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരന് 51,888 വോട്ടുകളും ലഭിച്ചു. 2026ലെ തെരഞ്ഞെടുപ്പിൽ രാജാവ് ചന്ദ്രശേഖർ വോട്ട് വിഹിതം വർധിപ്പിച്ച് 57192 ആക്കി. വി ശിവൻകുട്ടിക്ക് 52214 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. കോൺഗ്രസിന് ലഭിച്ച വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ 36,524 വോട്ടുകൾ നേടിയിരുന്നെങ്കിൽ ഇപ്രാവശ്യം ശബരിനാഥന് 29730 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത് അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെക്കേണ്ടത് അനിവാര്യതയായിരുന്നു. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയി വരുന്ന സമയത്ത് കെട്ടിയിറക്കിയ പ്രതിനിധി എന്ന ആരോപണം രാജീവ് ചന്ദ്രശേഖരന് ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ആദ്യമായി ഒരു കോർപ്പറേഷൻ പിടിച്ചടക്കുന്നതും നിയമസഭയിലേക്ക് മൂന്ന് പ്രതിനിധികളെ ആയക്കുന്നതും രാജീവ് ചന്ദ്രശേഖർ അധ്യക്ഷസ്ഥാനത്ത് ഇരിക്കുമ്പോഴാണെന്നുള്ള കാര്യം വിസ്മരിക്കാനാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam