
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരണം വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ആരോഗ്യ - കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബി ജെ പിയായതിനാൽ, നേമത്ത് നിന്ന് ഒരു ബി ജെ പി എം എൽ എ കൂടി ഉണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിക്കിടെ തിരുവല്ലം സി പി ഐ ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ജി എസ് ബിന്ദു അടക്കമുള്ള ഇടത് നേതാക്കൾ ബി ജെ പിയിൽ ചേർന്നത് എൻ ഡി എ ക്യാമ്പിന് ആവേശം പകർന്നു. നേമത്ത് സിറ്റിംഗ് എം എൽ എയായ വി ശിവൻകുട്ടിയാണ് എൽ ഡി എഫിനായി വീണ്ടും മത്സരിക്കുന്നത്. അരുവിക്കര മുൻ എം എൽ എയും കവടിയാർ കൗൺസിലറുമായ കെ എസ് ശബരീനാഥനാണ് യു ഡി എഫ് സ്ഥാനാർഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam