നെടുമ്പാശ്ശേരിയിലെ വരവേല്‍പ്പ് രജിതിന്‍റെ അറിവോടെ, നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയുമെന്ന് പൊലീസ്

By Asianet MalayalamFirst Published Mar 18, 2020, 9:48 AM IST
Highlights

രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്ബോസില്‍ രജിതിന്‍റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരായിരുന്നുവെന്നും പൊലീസിന്‍റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊച്ചി: കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബിഗ്ബോസ് താരം രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം ആസൂത്രിതമാണെന്ന് പൊലീസ്. സ്വീകരിക്കാന്‍ ഇത്രയും പേര്‍ എത്തിയതിനെപ്പറ്റി അറിയില്ലെന്നായിരുന്നു  രജിത് കുമാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ രജിതിന്‍റെ ഈ വാദം തെറ്റാണെന്നും തന്നെ സ്വീകരിക്കാന്‍ പുറത്തു ജനം തടിച്ചു കൂടി നില്‍ക്കുന്ന കാര്യം രജിതിന് അറിയാമായിരുന്നുവെന്നും പൊലീസിന്‍റെ എഫ്ഐആറില്‍ പറയുന്നു. 

വിമാനത്താവളത്തിന് പുറത്ത് രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്ബോസില്‍ രജിതിന്‍റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരായിരുന്നുവെന്നും പൊലീസിന്‍റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എഫ്ഐആറില്‍ പൊലീസ് പറയുന്ന ഇക്കാര്യങ്ങളെല്ലാം ഇന്നലത്തെ ചോദ്യം ചെയ്യല്ലില്‍ രജിത് കുമാര്‍ നിഷേധിച്ചു.

കേസില്‍ അറസ്റ്റിലായ രജിതിനെ ഇന്നലെ മൂന്ന് മണിക്കൂറോളം ലീസ് ചോദ്യം ചെയ്തിരുന്നു.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ രജിത് കുമാർ വൈകിട്ടോടെയാണ് ആലുവ പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായത്. രജിതിനെ സ്വീകരിക്കാനെത്തിയ പതിമൂന്ന് പേര്‍ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു. 

സംഭവം ദിവസം രാവിലെ ഇടുക്കിയില്‍ നിന്നും കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിമാനം കയറിയിരുന്നു. ഇയാള്‍ക്ക് രോഗബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം അടിയന്തരമായി തിരിച്ചറക്കുകയും മുഴുവന്‍ യാത്രക്കാരേയും പരിശോധിക്കുകയും ചെയ്തു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ തന്നെ ഈ ബാധിച്ച ഈ സംഭവത്തിന് ശേഷം അതീവജാഗ്രതയാണ് നെടുമ്പാശ്ശേരിയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നത്. 

ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും പുരോഗമിക്കുന്നതിനിടെയാണ് രാത്രി ഒന്‍പത് മണിയോടെ പോലീസുകാരുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും കാറ്റിൽ പറത്തി നൂറുകണക്കിന് ആരാധകര്‍ രജിത് കുമാറിനെ കാണാന്‍ തടിച്ചു കൂടിയതും ഇവരുടെ ഇടയിലേക്ക് രജിത് കുമാർ ഇറങ്ങിച്ചെന്ന് ആവേശം സൃഷ്ടിച്ചതും.വിമാനത്താവളത്തിന് അകത്തു വച്ച് പുറത്തു വലിയ ജനക്കൂട്ടമുണ്ടെന്നും തിരക്കും ബഹളവും ഒഴിവാക്കാന്‍ മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങണെന്നും പൊലീസ് രജിത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സഹകരിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. രജിത് ആർമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരാധക സംഘമാണ് രജിത്തിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ഇതിൽ 75 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രജിത്തിനെ വരവേല്‍ക്കാന്‍ വന്ന 50 പേരെ ഇതിനോടകം തിരിച്ചറിയുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിത് കുമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിമാനത്താവള പരിസരത്ത് ആരാധകർ സംഘടിച്ചതെന്ന് ഇവരിലൊരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ രജിത് കുമാർ അത് നിഷേധിച്ചു.

ആറ്റിങ്ങലിലെ വീട്ടിൽ നിന്നും വൈകിട്ടോടെ എറണാകുളത്തെത്തിയ രജിത് കുമാർ, ആലുവ പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. കേസ് എടുത്തിരിക്കുന്നത് നെടുമ്പാശേരി സ്റ്റേഷനിൽ ആണെങ്കിലും, അവിടെ ആൾക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ ഹാജരായത്. 3 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 9 മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വിമാനത്താവളത്തിന്റെ 500 മീറ്റർ പരിസരത്ത് നിയമവിരുദ്ധമായി കൂട്ടംകൂടുക, ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുക, കലാപം സൃഷ്ടിക്കുക, പൊതുജനത്തിന് ഹാനികരമാം വിധം സംഘടിക്കുക, വഴി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. രജിത്തിന്റെ മൊബൈൽ ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

click me!