
ദില്ലി: കക്ഷികളുടെ വാദം കേള്‍ക്കാതെ കര്‍ണാടക-കേരള അതിര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കിയതിനെതിരെ ഹര്‍ജിക്കാരനായ രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. അതിര്‍ത്തിയിലെ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം മാത്രം പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഇന്ന് കേസ് തീര്‍പ്പാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നൽകിയ കര്‍ണാടകത്തിന്‍റെയോ, കര്‍ണാടകത്തിനെതിരെ സത്യവാങ്മൂലം നൽകിയ കേരളത്തിന്‍റേയോ, മറ്റ് ഹര്‍ജിക്കാരുടേയോ വാദം സുപ്രീംകോടതി കേട്ടില്ല.
ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസിന് രാജ്മോഹൻ ഉണ്ണിത്താൻ പരാതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും കര്‍ണാടകം ആംബുലൻസുകൾ തടയുകയാണ്. കര്‍ണാടകത്തിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും കേസ് വീണ്ടും പരിഗണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുമായി പോകുന്ന വാഹനങ്ങൾ തലപ്പാടി വഴി കടത്തിവിടാൻ ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിൽ ധാരണയായെന്ന് സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇപ്പോൾ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ തര്‍ക്കങ്ങൾ ഇല്ല.
കേരളത്തിൽ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന രോഗികൾക്ക് കൊവിഡില്ല എന്ന് ഉറപ്പാക്കിയാകും കടത്തിവിടുക. ഇതുറപ്പാക്കാൻ പരിശോധന നടത്തും. ഇതിനായി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇരുസംസ്ഥാനങ്ങളുംഅംഗീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രശ്‍നങ്ങള്‍ തീര്‍ന്നതിനാൽ കേസ് തീര്‍പ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ വ്യക്തമാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam