
കാസര്‍കോട്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേരള സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വർധിപ്പിക്കണം. കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.
കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തമെന്ന് ഇന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും വിമര്‍ശിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ലോക കേരള സഭയിൽ പ്രവാസികളുടെ
പ്രശ്നങ്ങൾ ചർച്ചയാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ സംസ്ഥാന സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam