രാജ്യസഭാ സ്ഥാനാർത്ഥിത്വം; തീരുമാനം ഹൈക്കമാന്‍റിന് വിട്ട് കെപിസിസി; പട്ടികയിൽ മൂന്ന് പേരെന്ന് സൂചന

Published : Mar 18, 2022, 06:49 PM ISTUpdated : Mar 18, 2022, 06:52 PM IST
രാജ്യസഭാ സ്ഥാനാർത്ഥിത്വം; തീരുമാനം ഹൈക്കമാന്‍റിന് വിട്ട് കെപിസിസി; പട്ടികയിൽ മൂന്ന് പേരെന്ന് സൂചന

Synopsis

അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് നിശ്ചയിക്കും. സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകളടങ്ങിയ പട്ടിക കെപിസിസി നേതൃത്വം എഐസിസിക്ക് വിട്ടു. മൂന്ന് പേരുടെ പട്ടികയാണ് കൈമാറിയത്. ജെബി മേത്തർ, എം ലിജു, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് സൂചന. ഹൈക്കമാന്റിന്റേതാണ് അന്തിമ തീരുമാനം. 

അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്. 

ഫലം കാണാത്ത ചർച്ചകൾ

രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകൾ നടത്തിയിരുന്നു. ദില്ലിയിൽ കഴിഞ്ഞ ദിവസം പല തവണകളായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല. എം ലിജുവിനൊപ്പമാണ് കെ സുധാകരൻ രാഹുൽ​ഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ രം​ഗത്തെത്തി. കെ സുധാകരന്റെ നോമിനി എം ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ആരെയും പരിഗണിക്കരുതെന്നാണ് കെ സി വേണുഗോപാലിന്റെയും എ ഗ്രൂപ്പിന്റെയും ആവശ്യം. കെ മുരളീധരനും ഇതേ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. 

ഹൈക്കമാൻഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണനെ മൽസരിപ്പിക്കാൻ ദേശീയതലത്തിൽ സമ്മർദമുണ്ടായി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്റ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിനെതിരെ കടുത്ത എതിർപ്പുണ്ടായതോടെ അതിലും തീരുമാനമാക്കാനായില്ല. 

എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തു. പട്ടികയിൽ ചർച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. 

കേരളത്തിൽ നിന്ന് ജയസാധ്യതയുള്ള ഒരു സീറ്റാണ് കോൺഗ്രസിനുള്ളത്. ഉടൻ ദേശീയനേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. സിഎംപി സീറ്റിനായി മുന്നണിയിൽ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. സിഎംപിയിൽ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ