തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയും എൽജെഡി നേതാവുമായ എം വി ശ്രേയാംസ് കുമാറിന് ജയം. എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 136 വോട്ടുകളുള്ളതിൽ 130 വോട്ടുകളാണ് പോൾ ചെയ്തത്.
വൈകിട്ട് നാല് മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. അഞ്ച് മണിക്ക് തന്നെ കൗണ്ടിംഗ് തുടങ്ങി. നിയമസഭാമന്ദിരത്തിലെ പാർലമെന്‍ററി സ്റ്റഡീസ് റൂമിൽ രാവിലെ പത്ത് മണി മുതലാണ് പോളിംഗ് തുടങ്ങിയത്. ശ്രേയാംസ് കുമാറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ലാൽ വർഗീസ് കൽപ്പകവാടിയാണ് മത്സരിച്ചത്
നിലവിൽ സഭയിലെ അംഗബലം വച്ച് ഇടതുമുന്നണിക്ക് ജയമുറപ്പാണ് എന്ന് നേരത്തേ വ്യക്തമായിരുന്നു. അതേസമയം, കേരളാകോൺഗ്രസ് എമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ജോസ് പക്ഷം പാർട്ടി അംഗങ്ങളോട് നിർദേശിച്ചത്. അതല്ല, യുഡിഎഫിന് വോട്ടുചെയ്യാനാണ് ജോസഫ് പക്ഷം പറയുന്നതും വിപ്പ് നൽകിയിരിക്കുന്നതും.
യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.
ഫലം വന്നതിന് പിന്നാലെ, വിപ്പ് പാലിക്കാതെയിരുന്ന പി ജെ ജോസഫ് എം എൽ എയ്ക്കും, മോൻസ് ജോസഫ് എം എൽ എയ്ക്കും എതിരെ അടിയന്തരമായി നിയമസഭാ സ്പീക്കർക്ക് പരാതി നല്‍കുമെന്നും ജോസ് കെ മാണി എംപി വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam