
തിരുവനന്തപുരം: കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സിപിഎം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്യുന്നത് പോലെയാണ് കള്ളം കയ്യോടെ പിടിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സിപിഎം ആക്രമിക്കുന്നത്.
യുഡിഎഫിന്റെ പ്രചരണ തന്ത്രത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിചിത്രമാണ്. കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തെ കയ്യോടെ പിടിച്ചപ്പോള്‍ അത് യുഡിഎഫും, തെരഞ്ഞെടുപ്പ് കമ്മീഷനും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്നത് സിപിഎമ്മിന്റെ ജാള്യത മറക്കാനാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി തന്നെ ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാന്‍ നോക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് കോടിയേരി സംസാരിക്കുന്നത്. ഓപ്പണ്‍ വോട്ട് എന്നൊരു സംവിധാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോള്‍ അങ്ങനെയൊന്നുണ്ടെന്ന് പറയുന്ന കോടിയേരി തന്റെ അജ്ഞത വെളിപ്പെടുത്തുകയാണ്. ഇന്ത്യയിലെ അത്യുന്നതമായ ഭരണഘടന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിഷപക്ഷവും, സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെട്ടവരാണവര്‍. ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്.
സിപിഎം നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും അതീതരല്ലെന്ന് കോടിയേരി ഓര്‍ക്കണം. ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്ത തങ്ങളുടെ അണികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായുള്ള നീക്കത്തിലൂടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് 171 സി ഡി എഫ് വകുപ്പ് പ്രകാരമാണ് കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പോളിംഗ് ബൂത്തില്‍ നിന്ന് ലഭിച്ച സിസിടിവി - വെബ്ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് കള്ളവോട്ടാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ അതിനെന്യായീകരിക്കാനും, നടപടിയെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്താനുമാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.കണ്ണൂര്‍, കാസര്‍കോട് ലോക് സഭാ മണ്ഡലങ്ങളില്‍ സിപിഎം നടത്തിയ കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത നടപടികള്‍ മാതൃകാപരമാണെന്നും കമ്മീഷനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ 90 ശതമാനത്തിന് മേല്‍ പോളിംഗ് രേഖപ്പെടുത്തിയ എല്ലാ ബൂത്തുകളിലും റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് കത്ത് നല്‍കി.
റീപോളിംഗ് നടത്തുമ്പോള്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ ക്രമത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇത്തരം കള്ള വോട്ട് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam