മാര്‍ക്ക്ദാന വിവാദം: മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

By Web TeamFirst Published Oct 17, 2019, 12:55 PM IST
Highlights

നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു.

കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ സർക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. ജലീൽ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫീസും തോന്നിയപടി മാർക്കുകൾ വാരിക്കോരി നൽകിയതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഏത് നിയമപ്രകാരമാണ് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സർവകലാശാലയിലും എംജി സർവകലാശാലയിലും നടന്ന അദാലത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. എംജി സർവകലാശാല വിസിയാണ് തെറ്റു ചെയ്തതെന്ന് ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ തയാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. 

അതേസമയം, എം ജി സർവകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ വാദം പൊളിയുകയാണ്. തന്‍റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എം ജി സർവകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷറഫുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, അദാലത്ത് കഴിഞ്ഞശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ ഷറഫുദ്ദീന്‍  പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്.

click me!