ഓട് പൊളിച്ചിറങ്ങിയാണോ പ്രതിപക്ഷ നേതാവായത്? പിണറായിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

By Web TeamFirst Published Aug 28, 2020, 9:18 AM IST
Highlights

ലൈഫ് ധാരണ പത്രം ചോദിച്ചിട്ട് നാല് ആഴ്ചയായി. ധാരണ പത്രം പുറത്തായാൽ പദ്ധതിയിലെ കള്ളക്കളി തെളിയുമെന്ന പേടിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല  

കോഴിക്കോട്: പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണത്തിനും മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുതകളാണ്. ഒന്നിനു പോലും നിയമസഭയിൽ മറുപടി പറയാൻ തയ്യാറായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയിലെ ക്രമക്കേടും അടക്കം എട്ട് ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. അഞ്ചെണ്ണം എഴുതി കൊടുത്തും ബാക്കി അല്ലാതെയും ഉന്നയിച്ചിട്ടും ഒരാരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു . 

ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗം കോപ്പിയടിച്ചാണ് നിയമസഭയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. നോക്കി വായിക്കരുതെന്ന് ചട്ടം ഉണ്ടെന്നിരിക്കെ മൂന്നേമുക്കാൽ മണിക്കൂറും പിണറായി വിജയൻ പ്രസംഗം നോക്കി വായിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ല . എല്ലാം കഴിഞ്ഞിട്ടിപ്പോൾ പ്രതിപക്ഷം തെറി പറഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. സ്വന്തം സ്വഭാവം വച്ച് പ്രതിപക്ഷത്തെ അളക്കരുത്. ആരാണ് തെറി പറയുന്നത് എന്ന് എല്ലാവർക്കും അറിയാം. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങൾ നടത്തിയ പിണറായി പ്രതിപക്ഷത്തെ  ഉപദേശിക്കാൻ വരേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഓടുപൊളിച്ച് ഇറങ്ങി വന്ന് പ്രതിപക്ഷ നേതാവായത് അല്ല. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണത്തിന് ഉണ്ടാക്കിയ എംഒയു അടക്കം രേഖകൾ ആവശ്യപ്പെട്ടിട്ട് നാല് ആഴ്ചയായിട്ടും അത് ലഭ്യമാക്കിയിട്ടില്ല. രേഖ പുറത്ത് വന്നാൽ കള്ളക്കളി പൊളിയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല ആരോപിച്ചു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ഛയം പണി നടക്കുന്നിടത്ത് പോയി കണ്ടിരുന്നെന്നും ഒറ്റനോട്ടത്തിൽ തന്നെ അഴിമതി ദൃശ്യമാണെന്നും ചെന്നിത്തല ആരോപിച്ചു

click me!