
തിരുവനന്തപുരം: ഡിസിസി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചാൽ കൂടുതൽ കടുത്ത നിലപാടിലേക്ക് നീങ്ങാൻ എ-ഐ ഗ്രൂപ്പുകളുടെ നീക്കം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിർദ്ദേശിച്ച പേരുകൾക്കപ്പുറം കൂടുതൽ പേരുകൾ ഉൾപ്പെടുത്തിയതാണ് ഗ്രൂപ്പുകളുടെ രോഷത്തിന്‍റെ കാരണം. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ കൂടുതൽ ഒതുക്കപ്പെടുന്നുവെന്ന പരാതിയാണ് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും. സാധാരണ ഡിസിസി പുനഃസംഘടനാ ചർച്ചകളിൽ കിട്ടിയ പരിഗണന കിട്ടാത്തതാണ് ഹൈക്കമാൻഡിനോട് പരാതിപ്പെടാനുള്ള കാരണം.
സ്വന്തം ജില്ലകളിലെ പുനഃസംഘടനയിൽ ഇതുവരെ ഇരുനേതാക്കളുടേതുമായിരുന്നു അവസാന വാക്ക്. ആലപ്പുഴയിൽ ചെന്നിത്തല ബാബുപ്രസാദിന്‍റെ പേര് മുന്നോട്ട് വെച്ചപ്പോൾ കെ സി വേണുഗോപാലിന്‍റെ നോമിനിയായി എം ജെ ജോബിന്‍റെ പേരും പട്ടികയിൽ ചേർത്തു. കോട്ടയത്ത് ഉമ്മൻചാണ്ടി മൂന്നിലേറെ പേര് മുന്നോട്ട് വെച്ചെങ്കിലും പട്ടിക സമർപ്പിക്കും മുമ്പ് ആലോചിച്ചില്ലെന്നാണ് പ്രധാന പരാതി. വിഡി സതീശനും കെ സുധാകരനും ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും പല വട്ടം ചർച്ച നടത്തിയിരുന്നു. ഇരുവരും പേരുകൾ മുന്നോട്ട് വെച്ചെങ്കിലും സതീശൻ ആവശ്യപ്പെട്ട പോലെ പാനൽ നൽകിയില്ല.
പല ജില്ലകളിലെയും സാധ്യതാപട്ടികയിൽ കൂടുതലും സതീശനെയും വേണുഗോപാലിനെയും പിന്തുണക്കുന്നവരായതും എ-ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ദില്ലിയിലെ അന്തിമവട്ട ചർച്ചയിലേക്കും വിളിക്കാത്തതോടെയാണ് ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും രോഷം കടുത്തത്. എന്നാൽ ദില്ലി ചർച്ചകളിൽ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും മാത്രമാണ് പങ്കെടുക്കാറുള്ളതെന്ന പതിവാണ് സതീശൻ അനുകൂലികൾ ഓർമ്മിപ്പിക്കുന്നത്.
ദില്ലി ചർച്ചയ്ക്കിടെ ഉടൻ പട്ടിക നൽകാൻ ഹൈക്കമാൻഡാണ് നിർദ്ദേശം വെച്ചതെന്നാണ് സതീശൻ അനുകൂലികളുടെ വിശദീകരണം. സാധ്യതാ പട്ടികയിൽ വനിതയും പിന്നോക്ക വിഭാഗ പ്രതിനിധിയും ഇല്ലാത്തതും വിമർശനത്തിനിടയായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാൻ പട്ടികയിൽ ചെറിയ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam