ചെന്നിത്തലക്കെതിരായ 'ആര്‍എസ്എസ് പ്രയോഗം'; ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് തീരുമാനം

By Web TeamFirst Published Aug 1, 2020, 7:11 AM IST
Highlights

സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കലും സിപിഎം ലക്ഷ്യമായി യുഡിഎഫ് വിലയിരുത്തുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്താനും യുഡിഎഫില്‍ ധാരണയായി.

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരായ കോടിയേരി ബാലകൃഷ്ണന്‍റെ ആര്‍എസ്എസ് പ്രയോഗത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരാന്‍ യുഡിഎഫ് തീരുമാനം.രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിനൊപ്പം സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കലും സിപിഎം ലക്ഷ്യമായി യുഡിഎഫ് വിലയിരുത്തുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്താനും യുഡിഎഫില്‍ ധാരണയായി.

കോണ്‍ഗ്രസ് ബിജെപി ബന്ധമെന്ന സിപിഎമ്മിന്‍റെ എക്കാലത്തെയും പ്രചരണം തേച്ച് മിനുക്കി പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്‍റെ കണ്ണിലുണ്ണിയാണ് ചെന്നിത്തല, അവര്‍ക്ക് സര്‍സംഘചാലകിനെ പോലെയാണ് രമേശ്. വ്യക്തിപരമായി ചെന്നിത്തലക്കെതിരെ നിലപാട് കടുപ്പിക്കുമ്പോള്‍ സിപിഎം കണ്ണുവക്കുന്നത് പലതാണ്.

ഒന്ന് സര്‍ക്കാരിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ചെന്നിത്തലയെ ഒറ്റപ്പെടുത്തുക. രണ്ട് മുസ്ലീം ജനവിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുക,ആ വോട്ട്ബാങ്ക് തങ്ങളിലേക്കടുപ്പിക്കുക. മൂന്ന് കോണ്‍ഗ്രസിലുണ്ടായേക്കാവുന്ന നേതൃമാറ്റചര്‍ച്ചകളില്‍ രമേശ് ചെന്നിത്തലയെ ദുര്‍ബലപ്പെടുത്തുക. നാല് സര്‍ക്കാരിനെതിരായ പ്രചാരണങ്ങളുടെ ശ്രദ്ധ തിരിക്കുക.

കോടിയേരിയുടെ വിമര്‍ശനം വിവിധ തലങ്ങളില്‍ ചര്‍ച്ചയായി.യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ തന്നെ ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. ലീഗ് നേതാക്കളും ഉടന്‍ രംഗത്തെത്തും.കോടിയേരിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമ്പോഴും വിഷയം മാറിപോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കാളിത്തം, കോവിഡ് പ്രതിരോധ വീഴചകള്‍ എല്ലാം എണ്ണിപ്പറയണം. തദ്ദേശതെരഞ്ഞടുപ്പ് മാറ്റമില്ലാതെ നടക്കുമെന്ന തെരഞ്ഞടുപ്പ് കമ്മീഷന്‍റെ തീരുമാനം കൂടി വന്ന സാഹചര്യത്തില്‍ തെരഞ്ഞടുപ്പ് ചര്‍ച്ചകളിലേക്ക് തന്നെ പോകാന്‍ പാകത്തില്‍ ആരോപണങ്ങള്‍ സജീവമാക്കാനാണ് യുഡിഎഫ് തീരുമാനം.

യുഡിഎഫിനെ തോല്‍പിക്കാനായി സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി കൂട്ടുകയാണ് സിപിഎമ്മെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കും.

click me!