"മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണുന്നത് ചതുർത്ഥി, ഭീഷണി വിലപ്പോവില്ല"; പ്രതിഷേധം ശക്തമാക്കുമെന്ന് ചെന്നിത്തല

By Web TeamFirst Published Aug 10, 2020, 1:06 PM IST
Highlights

നിയമവകുപ്പ് വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടോ? റെഡ് ക്രസൻ്റും ലൈഫുമായി കരാർ ഒപ്പിട്ടുണ്ടോ? ആരാണ് ഒപ്പിട്ടത്? സ്വപ്ന സുരേഷ് ആ സമയത്തുണ്ടായിരുന്നോ? ചെന്നിത്തല ചോദിക്കുന്നു. 

തിരുവനന്തപുരം: സർക്കാരിനെതിരെ കൂടുതൽ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്നത് മുഖ്യമന്ത്രിക്ക് ചതുർത്ഥിയാണെന്നും കേരള ഭരണം അഴിമതിയിൽ മുങ്ങിത്താഴുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതോടെ ഉത്തരവാദിത്വം തീർന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി കമ്മീഷൻ കിട്ടിയെന്ന് വിവാദ സ്ത്രീ പറയുന്നു. ഈ തുകയാണ് ലോക്കറിൽ വച്ചത്. ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മുഖ്യമന്ത്രി ദുബായിൽ പോകുന്നതിന് 4 ദിവസം മുൻപ് ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ദുബായിൽ പോയിയെന്നും ഈ ചർച്ചയിലാണ് വീട് വയ്ക്കാനുള്ള ധാരണയായതെന്നും ചെന്നിത്തല പറ‌ഞ്ഞു.

റെഡ് ക്രെസന്റ് ഇവിടുത്തെ റെഡ് ക്രോസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇങ്ങനെ ബന്ധപ്പെടാതെ എങ്ങനെ പദ്ധതി നടന്നുവെന്നുമാണ് ചെന്നിത്തലയുടെ ചോദ്യം. നിയമവകുപ്പ് വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടോ? റെഡ് ക്രസൻ്റും ലൈഫുമായി കരാർ ഒപ്പിട്ടുണ്ടോ? ആരാണ് ഒപ്പിട്ടത്? സ്വപ്ന സുരേഷ് ആ സമയത്തുണ്ടായിരുന്നോ? ചെന്നിത്തല ചോദിക്കുന്നു. 

യൂണിടെക്ക് എന്ന കമ്പനിയെയാണ് പദ്ധതി നടത്താൻ ഏൽപ്പിച്ചതെന്ന് പറഞ്ഞ ചെന്നിത്തല. യൂണിടെക് ശിവശങ്കറിന് സ്വാധീനമുള്ള കമ്പനിയാണെന്ന് ആരോപിച്ചു. ഒരു കോടി രൂപ കമ്മീഷൻ തുക ലോക്കറിൽ വയ്ക്കണമെന്ന് സ്വപ്നയോട് ഉപദേശിച്ചതും ശിവശങ്കറാണെന്നും ഇതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നുമാണ് ആരോപണം. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിലും കമ്മീഷൻ വാങ്ങിയെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങൾക്കുമെതിരെയും കുതിരകയറുന്നു. മുഖ്യമന്ത്രിക്ക് മാധ്യമ പ്രവർത്തകരെ കാണുന്നത് ചതുർത്ഥി. ഏത് ഉപചാപക സംഘത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. കെട്ടിച്ചമച്ച കേസാണോ സ്വർണ്ണ കള്ളക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിർണ്ണായക സ്വാധീനമെന്ന് എൻ ഐ എ ആണ് പറഞ്ഞതെന്നും മഹാത്മാഗാന്ധിയുമായി പരിചയമുണ്ടെന്ന് പറഞ്ഞത് പോലെയാണോ മുഖ്യമന്ത്രിയെ പരിചയമുണ്ടെന്ന് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു. എൻ ഐ എ കോടതിയിൽ പറയുന്നത് മാധ്യമങ്ങൾ പുറത്ത് പറയരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്. 

കോടതി ജാമ്യം നിഷേധിച്ചത് എൻഐഎ വാദം കോടതി അംഗീകരിച്ചതിന് തെളിവാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്. ഏതെങ്കിലും മുഖ്യമന്ത്രിക്ക് കള്ളക്കടത്തിൽ  ഇത്രയും ന്യായീകരിക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ചോദിച്ചു. മാധ്യമങ്ങളെ ഉപചാപക സംഘമെന്ന് പറഞ്ഞ് ആക്രമിച്ചു. പഴയ മാധ്യമ സിൻഡിക്കേറ്റ് പോയോ? യഥാർത്ഥത്തിൽ ഉപചാപക സംഘം മുഖ്യമന്ത്രിയുടെ ഓഫീസാണ്. തെറ്റ് ചൂണ്ടിക്കാട്ടുന്ന മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കുകയാണ് വേണ്ടത്. 

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി വരെ മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നു. ഇത് മുഖ്യമന്ത്രി തന്നെ അപമാനിക്കുകയാണ്. ഭീഷണി വിലപ്പോവില്ല. മാധ്യമ പ്രവർത്തകർ നട്ടെല്ലുള്ളവരാണ്. സ്ത്രീകളായ മാധ്യമ പ്രവർത്തകരെ വരെ സോഷ്യൽ മീഡയയിൽ അപമാനിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥ. ഇഷ്ട്ടമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതെന്തിന്. കേരള ഭരണം അഴിമതിയിൽ മുങ്ങിത്താഴുന്നു. പി എസ് സി റാങ്ക് ഹോൾഡേഴ്സിനെ അപമാനിക്കുന്നു. 

ഉമ്മൻ ചാണ്ടിക്കെതിരെ ഒരു പെറ്റി കേസ് എടുക്കാൻ കഴിഞ്ഞോയെന്നും ചെന്നിത്തല ചോദിക്കുന്നു. ഞങ്ങളെ വേട്ടയാടാൻ തുടങ്ങിയിട്ട് ഒന്നും കിട്ടിയില്ലല്ലോ. എണ്ണി എണ്ണി പറഞ്ഞാൽ ഞങ്ങൾ മറുപടി പറയും. സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 

കരിപ്പൂരിലെ നാട്ടുകാരുടെ സേവനത്തെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് രാജമലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബംഗങ്ങൾക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികൾക്ക് ലയങ്ങൾക്ക് പകരം ഒരു ബെഡ് റൂം വീടുകൾ വച്ച് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാലവർഷം മൂലം സംസ്ഥാനത്തെ കൃഷിനാശങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിന് പകരം റവന്യൂ വകുപ്പ് തന്നെ ഇതേറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

click me!