"ചിലർക്ക് അഴിമതി, ചിലർക്ക് കള്ളക്കടത്ത്"; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓരോരുത്തര്‍ക്ക് ഓരോ ചുമതലയെന്ന് ചെന്നിത്തല

By Web TeamFirst Published Nov 11, 2020, 2:59 PM IST
Highlights

സ്വപ്നയുടേയും കൂട്ടരുടേയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ശിവശങ്കറിനറിയാം എല്ലാ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നിന്നു

തിരുവനന്തപുരം:55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്താണ് നടന്നതെന്ന് തെളിഞ്ഞു കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടുന്ന വാർത്തകൾ വരുന്നു. സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ മുഖമാണ് ഇഡി അന്വേഷണത്തിലൂടെ പുറത്ത് വരുന്നത്.  എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. സ്വപ്നയുടേയും കൂട്ടരുടേയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ശിവശങ്കറിനറിയാം എല്ലാ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നിന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓരോരുത്തർക്കും ഓരോ ചുമതലയാണ്. ചിലർക്ക് അഴിമതി, ചിലർക്ക് കള്ളക്കടത്ത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിനും സിഎം രവീന്ദ്രനും എല്ലാ ഇടപാടുകളിലും പങ്കുണ്ട്.  ചേട്ടൻ ബാവ അനിയൻ ബാവ പരിപാടി ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു, അഴിമതി അന്വേഷണത്തിനെതിരെ സർക്കാരും പാർട്ടിയും ഇറങ്ങുന്നത് ഇതാദ്യമായാണ്. അന്വേഷിക്കണമെന്ന് പറഞ്ഞതും മുഖ്യമന്ത്രി അന്വേഷണത്തെ തടസപ്പെടുത്തുന്നതും മുഖ്യമന്ത്രി തന്നെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയെ കുറിച്ച് കടുത്ത ആരോപണങ്ങൾ ഉയരുന്പോൾ പാർട്ടിയെ  പരിചയാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

click me!