'പ്രവാസികള്‍ വരേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്'; സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല

By Web TeamFirst Published Jun 19, 2020, 12:56 PM IST
Highlights

അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ  പ്രവാസികൾക്ക് നൽകാനാകില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. 

തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ വരേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ  പ്രവാസികൾക്ക് നൽകാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ ഇത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

രാജ്യത്തിന് പുറത്ത് ജോലിചെയ്യുന്ന  പ്രവാസി മലയാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന്  കേരളത്തിലെത്തി  ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് നോർക്ക ഉത്തരവിൽ വ്യക്തമാക്കുന്നത്.  അതുകൊണ്ട് തന്നെ മെയ് 28 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകേണ്ടെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവന്‍റെ ഉത്തരവിൽ പറയുന്നു. 

ഇതോടെ പ്രവാസികൾക്ക് സൗജന്യ സർക്കാർ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കുള്ള യാത്ര അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. സർക്കാർ  ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന പ്രവാസികളിൽ നിന്ന് പണം ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രവാസി സംഘടനകൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളും അതിഥി തൊഴിലാളികളുടെ ഗണത്തിൽ വരുമെന്നും അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗജന്യ ക്വാറന്‍റീന്‍ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രവാസികൾക്കും നൽകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
 

click me!