
തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ജാക്സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളുടെ 5000 കോടിയുടെ കരാർ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും തന്നെ വന്ന് കാണുമോയെന്നും മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ഐശ്വര്യ കേരള യാത്രയിലെ ലിസണിങ് പരിപാടിയിൽ ആലപ്പുഴയിൽ വെച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ജാക്സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് തന്നോട് പറഞ്ഞത്. 400 ട്രോളറുകൾക്കും അഞ്ച് മദർ ഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടെന്നും തീരപ്രദേശത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതൊന്നും അറിഞ്ഞില്ലല്ലോയെന്ന് താൻ പ്രതികരിച്ചു. അതിന്റെ വീഡിയോ ദൃശ്യം കൈവശമുണ്ട്, മാധ്യമങ്ങൾക്ക് നൽകാം. അതിന് ശേഷമാണ് താൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. ഇഎംസിസിക്കാർ എന്നെ വന്ന് കണ്ടിട്ടില്ല. മുൻ പ്രൈവറ്റ് സെക്രട്ടറി തനിക്ക് വിവരം തന്നിട്ടില്ല. ഇഎംസിസിക്കാർ തന്നെ വന്ന് കണ്ട് അവരുടെ 5000 കോടിയുടെ പദ്ധതി പൊളിക്കാൻ ആവശ്യപ്പെടുമോ?
മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിന്റെ കടൽ വിൽക്കാനും തീരുമാനിച്ച സർക്കാരാണ്. കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആഴക്കടൽ മത്സ്യ ബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണ്. സർക്കാരിന്റെ ഓരോ രഹസ്യ നീക്കങ്ങളും പ്രതിപക്ഷം പൊളിച്ചു. ഇങ്ങിനെ ഒരു പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗൂഢ പദ്ധതികൾ പൊളിയുന്നത്. ഇഎംസിസി വിവാദത്തിൽ സർക്കാർ ഒളിച്ചു കളി തുടരുകയാണ്. ഇഎംസിസി ഫയൽ രണ്ടുതവണ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്നത് സർക്കാർ വാദങ്ങൾ പൊളിക്കുന്നു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്‌സികുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam