സ്വര്‍ണ്ണകള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

By Web TeamFirst Published Jul 8, 2020, 1:01 AM IST
Highlights

ശിവശങ്കരനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപെടാനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ശിവശങ്കരനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപെടാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് പുറത്തുവന്ന തെളിവുകളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.  സ്വപ്ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും മന്ത്രിസഭയിലെ കൂടുതല്‍ അംഗങ്ങൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്സിഫ് ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിടികൂടി

മുഖ്യമന്ത്രിക്കെതിരെ സര്‍വ്വ സന്നാഹങ്ങളുമായി പ്രതിപക്ഷം അണിനിരന്നു. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. 

മുഖ്യമന്ത്രിക്കെതിരെ കോഫെപോസ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പ്ലസ് ടു യോഗ്യത മാത്രമുള്ള സ്ത്രീക്ക് എങ്ങനെ നിയമനം നല്‍കിയെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു. 

സംസ്ഥാനത്ത് പലയിടത്തും മുഖ്യമന്ത്രിക്കെതിരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും സ്വപ്ന സരേഷിന്‍റേയും കോലം കത്തിച്ചു. കോട്ടയത്തും ഇടുക്കിയിലും യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തെരുവിലറങ്ങി.

click me!