ബാര്‍കോഴ; തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം തെറ്റ്,രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്ത്

By Web TeamFirst Published Nov 24, 2020, 7:48 AM IST
Highlights

കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവർത്തിച്ചപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണ്ണർക്ക് കത്തും നൽകിയിരുന്നു. 

തിരുവനന്തപുരം: ബാര്‍കോഴയില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിട്ടില്ല. ബിജുരമേശിന്‍റെ രഹസ്യമൊഴിയുടെ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാര്‍കോഴയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവർത്തിച്ചപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണ്ണർക്ക് കത്തും നൽകിയിരുന്നു. 

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ പണം നൽകിയ കാര്യം രഹസ്യമൊഴിയിൽ നിന്നും മറച്ചുവയ്ക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജുരമേശിന്‍റെ പുതിയ വെളിപ്പെടുത്തല്‍. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. അടുത്തിടെ  മാധ്യമങ്ങള്‍ ആരോപണം ആവർത്തിച്ചപ്പോഴും വർക്കല സ്വദേശിയായ ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ രമേശ് ചെന്നിത്തലയ്ക്കുവേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. 

ബാര്‍കോഴയില്‍ രമേശ് ചെന്നിത്തല, കെ ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി തേടി സർക്കാർ സ്പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് നൽകിയേക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് കേസ് രജിസ്റ്റ‌ർ ചെയ്ത് അന്വേഷണം തുടങ്ങാനാവു.

 

click me!