
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. അലനും താഹയും മാവോയിസ്റ്റുകൾ അല്ലെന്ന പി മോഹനന്‍റെ പ്രസ്താവന പിണറായിയുടെ നിലപാടിന് വിരുദ്ധമെന്നും ചെന്നിത്തല പറഞ്ഞു.
അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്നും അന്വേഷണം പൂര്‍ത്തിയാക്കി അവരുടെ ഭാഗം കൂടി കേട്ടാലെ മാവോയിസ്റ്റുകളാണോ എന്ന് പറയാന്‍ പറ്റുകയുള്ളു എന്നുമായിരുന്നു മോഹനന്‍റെ പ്രതികരണം. അലനും താഹയും സ്വാധീനത്തിലും ഭ്രമത്തിലും പെട്ടു പോയതാണെന്നും അവരെ തിരുത്തുകയാണ് വേണ്ടതെന്നുമായിരുന്നു മോഹനന്‍റെ പ്രതികരണം. അതേസമയം പി മോഹനന്‍റെ നിലപാട് പ്രതീക്ഷ നല്‍കുന്നതെന്നായിരുന്നു അലന്‍റെ അമ്മ സബിതയുടെ പ്രതികരണം. പ്രവര്‍ത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത ശേഖര്‍ പറഞ്ഞിരുന്നു.
യുഎപിഎ കേസ് രാഷ്ട്രീയ ആയുധമാക്കാനും കുടുംബത്തിന് പിന്തുണ നല്‍കാനുമുള്ള പ്രതിപക്ഷ നീക്കമാണ് സിപിഎമ്മിന്‍റെ മലക്കം മറച്ചിലിനുള്ള പ്രധാന കാരണമെന്ന് വേണം കരുതാന്‍. കേസ് എന്‍ഐഎയുടെ കൈയിലെത്തിയതോടെ ഇരുവരും സംഘപരിവാര്‍ നയത്തിന്‍റെ ഇരകാളായെന്ന ചര്‍ച്ച പാര്‍ട്ടി അണികള്‍ക്കിടയില്‍ സജീവമായതാണ് മറ്റൊരുകാരണം. എഴുത്തുകാരും സാമുഹ്യപ്രവര്‍ത്തകരും സമീപകാലത്ത് പ്രശ്നത്തില്‍ സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാടുകളെ ശക്തമായി ചോദ്യം ചെയ്ത് സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam