യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ എംപി

By Web TeamFirst Published Jul 4, 2020, 4:02 PM IST
Highlights

ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേ. മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചിട്ടുണ്ടാവുക

കണ്ണൂർ: കേരളത്തിൽ 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ സുധാകരൻ എംപി. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ സർവേ രമേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

"യുഡിഎഫിന്റെ വരാൻ പോകുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേ. മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചിട്ടുണ്ടാവുക. 

എൽഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത് ചെന്നിത്തലയാണ്. പിണറായിക്ക് വേണ്ടി നടത്തിയ സർവ്വേയാണ് ഏഷ്യാനെറ്റ്-സീഫോർ സർവേ. പിണറായിയെ പ്രൊജക്ട് ചെയ്യാൻ കോടികൾ വാരിക്കോരി ചെലവാക്കുന്നുണ്ട്. സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവ്വേ ആണിതെന്നും കെ സുധാകരൻ ആരോപിച്ചു.

കോൺഗ്രസിലും യുഡിഎഫിലും ജന പിന്തുണ ആര്‍ക്കെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. കൊവിഡ് കാലത്ത് അടക്കം  സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകൾ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ സജീവമായ കെസി വേണുഗോപാലിന്‍റെ പേര് വരെ നേതൃമാറ്റ ചര്‍ച്ചകളിൽ സജീവവുമാണ്. 

പ്രതിപക്ഷ നേതാവിനപ്പുറത്ത് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയിൽ പങ്കെടുത്ത 13 ശതമാനം പേര്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 12 ശതമാനം പേരുടെ പിന്തുണയാണ്. 
 

click me!