
പാലക്കാട്: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്. എന്നാൽ, വിവാദങ്ങൾ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്.തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ,ബിജെപി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് പിഷാരടി നടത്തിയതെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തിയെന്നും ഇത് സ്ത്രീവിരുദ്ധമാണെന്നുമാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.
ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam