
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. രാഹുലിന്‍റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലെ രണ്ടുപേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല, രാഹുൽ കീഴടങ്ങുമോയെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ പ്രതികരിച്ചിരുന്നു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്‍റെ നീക്കം. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
ഇന്നലെയും ഇന്നുമായി രണ്ടു മണിക്കൂർ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ജീവിതത്തിലുണ്ടായ ഒരു പ്രശ്നത്തിന് പരിഹാരം തേടിയെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനായുള്ള ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. വിവാഹ വാഗ്ദാനം ചെയ്ത് ബലാൽസംഗം ചെയ്തുവെന്ന 23 വയസ്സുകാരിയുടെ പരാതിയിലെ രണ്ടാം എഫ്ഐആറും പ്രോസിക്യൂഷൻ ഹാജരാക്കി. ഉഭയസമ്മത പ്രകാരമാണ് എല്ലാമെന്ന് പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ ഖണ്ഡിക്കാൻ രാഹുലും യുവതിയുമായുള്ള ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും സംഭാഷണത്തിന്‍റെ സ്ക്രിപിറ്റും ഹാജരാക്കി. ഗർഭഛിദ്രത്തിന് ശേഷം യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഗർഭചിദ്രത്തിന് ഗുളിക കൊണ്ടു വരാൻ യുവതി ആവശ്യപ്പെടുന്നതിന്‍റെ വിശദാംശങ്ങളും പ്രതിഭാഗം ഹാജരാക്കി. എന്നാൽ രാഹുൽ ആത്മഹത്യ ഭീഷണി മുഴക്കിയത് കൊണ്ടാണ് ഗുളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നതിൻറെ ഡിജിറ്റൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. മുൻകൂർ ജാമ്യേപക്ഷയിൽ ഉത്തരവ് വൈകിയാൽ അറസ്റ്റ് തടയണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇത് ആദ്യ കേസല്ലെന്നും ജനപ്രതിനിധിയായ പ്രതിക്കെതിരെ മുമ്പും നിരവധി പരാതികളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദം പൂർത്തിയാക്കി പിരിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു രാഹുലിന് തിരിച്ചടിയായ വിധി.