വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

Published : Dec 07, 2025, 07:23 AM IST
Rahul Mamkootathil_Rape Case update

Synopsis

ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ബെംഗളൂരുവിൽ രാഹുൽ ഒളിവിൽ കഴിയുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. കേസിൽ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.

രാഹുലിന്‍റെ ഒളിവ് അതിവിദഗ്ധമായി

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 11 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്നാണ് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്‍റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ മാങ്കൂടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് അതിവിഭഗ്ധമായാണ്. സിസിടിവി ക്യാമറകൾ ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര . സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റുന്നു. എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബംഗളൂരുവിലേക്ക് കടന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും മാറ്റിയത് നിരവധി തവണയാണ്.

ഓരോ ഒളിയിടത്തിലും കഴിഞ്ഞത് മണിക്കൂറുകൾ മാത്രമാണ്. കർണാടകത്തിൽ രാഹുലിന് സംരക്ഷണമൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു വനിത അഭിഭാഷകയാണെന്നാണ് വിവരം. ഇവർക്ക് പൊലീസിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിന്‍റെ നീക്കം. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിന്‍റെ മൊബൈൽ ഫോണുകൾ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കും പേഴ്സണൽ അസിസ്റ്റന്‍റിനുമൊപ്പമാണ് രാഹുൽ പാലക്കാട് വിട്ടിരുന്നത്. എന്നാൽ അവരിൽ നിന്നും കൂടുതൽ വിവരം ലഭിച്ചില്ല. ഹൈകോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞതോടെ എംഎൽഎയുടെ ഓഫീസിലും ആശ്വാസമാണ്. കഴിഞ്ഞ 10 ദിവസമായി എംഎൽഎ ഓഫീസിലെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ ഇനിയും എംഎൽഎ സ്ഥാനത്ത് തുടരുമോ? അതോ ധാർമികത ഉയർത്തി പിടിച്ച് രാജിവെക്കുമോ എന്നതാണ് നിലവിലെ ചർച്ചകളിലൊന്ന്.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും