
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൻ്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എര്‍ത്തയിലിൻ്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam