
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തുകയും പിന്നീട് വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തതിന് ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട്ഹൗസിൽ എത്തിയപ്പോള്‍ ‘എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണ’മെന്ന് രാഹുൽ പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. പക്ഷെ ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടു. മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തിൽ മുറിവുകളുണ്ടായി എന്നുമാണ് പെൺകുട്ടിയുടെ മൊഴി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
പക്ഷെ വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പെൺകുട്ടി പൊലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പേ കേസെടുത്ത് പൊലീസ് എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പൂങ്കുഴലി പെണ്‍കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകള്‍ മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻെറ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം. വിശദമായ വാദത്തിന് ശേഷമാണ് ഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാഹുലിനെതിരെയുള്ള ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ 12ാം ദിവസവും ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ആദ്യസംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ബംഗളൂരുവിലുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്.