
പാലക്കാട്: പീഡനക്കേസിൽ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി മുറിയിൽ ഇന്നലെയാണ് സംഭവം നടന്നത്. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിലെ അതിജീവിതയാണ് കുഴഞ്ഞുവീണത്.
പബ്ലിക് പ്രോസിക്യൂട്ടർ പി ജയന്റെ വിസ്താരം പൂർത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം. ഉടൻ തന്നെ ജഡ്ജി കെഎം രതീഷ് കുമാർ ഇടപെട്ടു. തുടർന്ന് അതിജീവിതയെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസിന് നിർദ്ദേശം നൽകി. ചികിത്സയ്ക്ക് ശേഷം ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അതിജീവിതയെ ഡിവൈഎസ്പിയുടെ സ്വന്തം ചെലവിൽ വാഹനം ഏർപ്പാടാക്കി വീട്ടിലെത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam