
കോഴിക്കോട് : തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച സംഭവം വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം ഇടപെട്ട് കളക്ടർ. വിഷയം പ്രതി അജ്മലിന്റെ പിതാവ് റസാഖുമായും വീട്ടുകാരുമായി ചർച്ച ചെയ്യാൻ കളക്ടർ താമരശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി തഹസിൽദാർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചർച്ച നടത്തി. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം.
സത്യവാങ്മൂലത്തിൽ ഒപ്പ് വെച്ചിട്ടില്ലെങ്കിലും ഇന്ന് തന്നെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് തഹസിൽദാർ വ്യക്തമാക്കി. കളക്ടർ ഇത് സംബന്ധിച്ച നിർദേശം കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.
അതേസമയം ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്ന് തന്നെ നൽകാൻ കെഎസ്ഇബി തയ്യാറാണെന്നാണ് ചെയർമാൻ ബിജു പ്രഭാകർ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും ചെയർമാൻ വ്യക്തമാക്കുന്നു.
വൈദ്യുതി വിച്ഛേദിച്ചതിൽ ഇടപെടൽ, കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam