തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കാൻ തയ്യാറെന്ന് പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ

By Web TeamFirst Published Feb 22, 2021, 6:22 PM IST
Highlights

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി

തൃശ്ശൂർ: കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ദേവസ്വങ്ങളും സർക്കാർ വകുപ്പുകളും തമ്മിൽ ചർച്ച നടത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേംബറില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പൂരപറമ്പ് സന്ദര്‍ശിച്ച്, പങ്കെടുപ്പിക്കാവുന്ന ആളുകളെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൂരത്തിന് മുന്‍പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്തെങ്കിലും ഇളവുകള്‍ നിർദ്ദേശിക്കാന്‍ സാധിക്കൂവെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും യോഗത്തില്‍ സമ്മതമറിയിച്ചിട്ടുണ്ട്. അണി നിരത്താവുന്ന ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ സ്വീകരിക്കും.

click me!