മുസ്ലീം ലീഗിന് തലവേദനയായി വിമതയോഗം; സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന് ആവശ്യം

By Web TeamFirst Published Apr 30, 2019, 9:01 AM IST
Highlights

ഒരു വർഷം മുമ്പ് തങ്ങളുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളെ ചൊല്ലി അന്നു മുതൽ ലീഗിൽ ആഭ്യന്തര കലഹവും തുടങ്ങി.

കോഴിക്കോട്: മുസ്ലീം ലീഗ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമതയോഗം. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വിമതർ യോഗം ചേർന്നത്. നേതൃസ്ഥാനങ്ങളിൽ സമ്പൂർണ അഴിച്ചുപണി വേണമെന്നാണ് ഇവരുടെ ആവശ്യം.

മുസ്ലീം ലീഗിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതാണ്. ഒരു വർഷം മുമ്പ് തങ്ങളുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളെ ചൊല്ലി അന്നു മുതൽ ലീഗിൽ ആഭ്യന്തര കലഹവും തുടങ്ങി. പുനഃസംഘടനിയിൽ അർഹമായ സ്ഥാനം കിട്ടിയില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ പരാതി. കോഴിക്കോട് ചേർന്ന വിമതയോഗത്തിൽ ലീഗ് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്തു. എന്നാൽ വിമതയോഗം ചേർന്നിട്ടില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ നിയോജകമണ്ഡലത്തിലെ വിമത നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. തർക്കം പരിഹരിക്കാൻ മേയ് രണ്ടിന് പ്രത്യേക ജില്ലാ കൗൺസിൽ യോഗം ചേരാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ലീഗിന്‍റെ മുതിർന്ന നേതാക്കളടക്കം യോഗത്തിൽ പങ്കെടുക്കും.

click me!