
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഡിജിപിക്ക് ശുപാർശ നൽകിയത്. നിലവിൽ ഡ്രോണിന് മാത്രമാണ് നിരോധനമുള്ളത്. കഴിഞ്ഞ മാസം 28-ാം തീയതി സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ നിരവധി പ്രവാശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന വട്ടമിട്ട് പറന്നിരുന്നു.
അമൂല്യനിധി ശേഖരമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വലിയ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പക്ഷെ അപ്രതീക്ഷിതമായി ഹെലികോപ്റ്റർ പറന്നതിനെ തുടർന്ന് ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. സുരക്ഷാപ്രാധാന്യമുള്ള സ്ഥലമായാതിനാൽ ഡ്രോണ്‍ നിരോധിത മേഖലയാണ്. പക്ഷെ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നതിന് നിരോധനമില്ല. സുരക്ഷ മുൻ നിർത്തി ഹെലികോപ്റ്ററിനും നിരോധനം കൊണ്ടുവരണമെന്ന ശുപാർശയാണ് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ഡിജിപിക്ക് നൽകിയത്. ഈ ശുപാർശ ഡിജിപി സർക്കാരിന് കൈമാറിയാൽ കേന്ദ്ര വ്യോമയാമന്ത്രാലത്തിന് കൈമാറും. കേന്ദ്ര വ്യാമോയാന മന്ത്രാലയമാണ് അന്തിമവിജ്ഞാപനം ഇറക്കേണ്ടത്.
അതേസമയം, ക്ഷേത്രത്തിന് മുകളിൽ കൂടി പറന്ന സ്വകാര്യ ഹെലികോപ്റ്ററിന്‍റെ കമ്പനിയോട് പൊലീസ് വിശദീകരണം തേടും. പരിശീലന പറക്കലായിരുന്നുവെന്നാണ് എയർ ട്രാഫിക് കണ്‍ട്കോള്‍ റൂമിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ആരൊക്കെയായിരുന്നു ഹെലികോപ്റ്റിൽ ഉണ്ടായിരുന്നത് എന്താണ് ഉദ്ദേശം എന്ന കാര്യത്തിലെല്ലാം ഇനി അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Asianet News Live