അപ്ഡേറ്റിന് പിന്നാലെ മൊബൈലിൽ റേഞ്ചില്ല, കൈമലര്‍ത്തി കമ്പനി; വിലയുടെ മൂന്നിരട്ടി പോക്കറ്റിലാക്കി മലയാളി പയ്യൻ

Published : Feb 08, 2024, 09:41 PM IST
അപ്ഡേറ്റിന് പിന്നാലെ മൊബൈലിൽ റേഞ്ചില്ല, കൈമലര്‍ത്തി കമ്പനി; വിലയുടെ മൂന്നിരട്ടി പോക്കറ്റിലാക്കി മലയാളി പയ്യൻ

Synopsis

2023 തുടക്കത്തിൽ ആണ് അശ്വഘോഷിന്റെ ഒന്നര വർഷം പഴക്കമുള്ള റെഡ്മി നോട്ട് 10 മൊബൈൽ ഫോൺ സോഫ്റ്റ് വെയർ അപ്ഡേഷനെ തുടർന്ന് കേടാകുന്നത്.

തിരുവനന്തപുരം: സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ ചെയ്തതിന് പിറകെ റെഡ്മി മൊബൈൽ ഫോൺ റേഞ്ച് കിട്ടുന്നില്ല. തോറ്റ് പിന്മാറാതെ ഉപഭോക്തൃ കോടതി വഴി ഷവോമി കമ്പനിയിൽ നിന്ന് 36,000 രൂപ വാങ്ങിയെടുത്ത് യുവാവ്. തിരുവനന്തപുരം പേരൂര്‍ക്കട എന്‍സിസി നഗര ജേര്‍ണലിസ്റ്റ് കോളനി നിവാസിയും തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ അവസാന വർഷം ബി സി എ വിദ്യാർത്ഥിയുമായ അശ്വഘോഷ് സൈന്ധവ് എന്ന 20 കാരൻ ആണ് സോഫ്റ്റ്‌വെയർ അപ്ഡേഷനെ തുടർന്ന് കേടായ മൊബൈലിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്തൃ കോടതി മുഖേന നേടി എടുത്തത്.

2023 തുടക്കത്തിൽ ആണ് അശ്വഘോഷിന്റെ ഒന്നര വർഷം പഴക്കമുള്ള റെഡ്മി നോട്ട് 10 മൊബൈൽ ഫോൺ സോഫ്റ്റ് വെയർ അപ്ഡേഷനെ തുടർന്ന് കേടാകുന്നത്. ഫോണിൽ വന്ന കമ്പനിയുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് ഫോൺ കേടാകുന്നത്. അപ്ഡേറ്റ് ചെയ്തതിന് തൊട്ടു പിന്നാലെ ഫോണിൽ റേഞ്ച് കാണിക്കാതെയായി. ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ അൽപനേരം പ്രവർത്തിച്ച ശേഷം വീണ്ടും റേഞ്ച് ലഭിക്കാതെ ആകുമായിരുന്നു എന്നു അശ്വഘോഷ് പറയുന്നു.

ഇതോടെ സർവ്വീസ് സെന്ററിൽ ഫോണുമായി എത്തി. എന്നാൽ ബോര്‍ഡിന്റെ തകരാറാണെന്നും വാറന്റി കഴിഞ്ഞതിനാൽ സൗജന്യമായി ശരിയാക്കി നൽകാൻ കഴിയില്ല എന്നുമായിരുന്നു സർവീസ് സെന്റര്‍ ജീവനക്കാരുടെ നിലപാട്. തുടർന്ന് മൊബൈൽ കമ്പനി അധികൃതർക്ക് മെയിൽ അയച്ചെങ്കിലും സർവീസ് സെന്ററിൽ നിന്ന് ലഭിച്ച അതേ മറുപടി തന്നെയാണ് ലഭിച്ചത്.  കമ്പനിയെ വിശ്വസിച്ച് അവർ നൽകിയ അപ്ഡേറ്റ് ചെയ്ത പുറകെ മൊബൈൽ ഫോൺ കേടായതിന് തങ്ങൾ പണം നൽകണം എന്ന് നിലപാട് ശരിയല്ല എന്ന് തോന്നിയതിനാൽ ആണ് കോടതി സമീപിച്ചത് എന്ന് അശ്വഘോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

ഉപഭോക്തൃ കോടതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയ അശ്വഘോഷ് 2023 മാർച്ചിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. തുടർന്ന് മൂന്നു തവണ കോടതി കേസ് വിളിച്ചെങ്കിലും ബന്ധപ്പെട്ട മൊബൈൽ കമ്പനിയുടെ അധികൃതർ ഹാജരായിരുന്നില്ല. ഇതോടെ അശ്വഘോഷിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. ഫോണിന്റെ വിലയായ 12700 രൂപ, 20,000 രൂപ നഷ്ടപരിഹാരം കൂടാതെ 2500 രൂപ കോടതി ചെലവും ഇതിന്റെ  പലിശയും സഹിതം 36,843 രൂപ നൽകാൻ ആണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

എന്നാൽ ഈ ഉത്തരവും മൊബൈൽ കമ്പനി അധികൃതർ പിന്തുടർന്നില്ല. ഇതോടെ അശ്വഘോഷ് കോടതിയിൽ എക്സിക്യൂഷൻ അപേക്ഷ ഫയൽ ചെയ്തു. ഇതിന് പിന്നാലെ നടന്ന ആദ്യ ഹിയറിങ്ങിലും ഷവോമി കമ്പനിയുടെ അധികൃതർ പങ്കെടുത്തിരുന്നില്ല. ഇന്നലെ നടന്ന രണ്ടാമത്തെ ഹിയറിംഗിലാണ് കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള 36,843 രൂപയുടെ ഡിഡി ഷവോമി അധികൃതർ കോടതിയിൽ സമർപ്പിച്ചത്.  തുടർന്ന് ഇത് ഇന്ന് അശ്വഘോഷിനു കൈമാറി. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ കേടായ ഫോണിന് പകരം പുതിയ ഫോൺ മാതാപിതാക്കൾ വാങ്ങി നൽകിയെങ്കിലും തന്റേതല്ലാത്ത തെറ്റിന് താൻ പണം നൽകണം എന്ന മൊബൈൽ കമ്പനിയുടെ നിലപാടാണ് കേസ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അശ്വഘോഷ് പറഞ്ഞു. 

ന്യൂജെഴ്സി ഗവര്‍ണര്‍ സ്ഥാപിച്ച ഇന്ത്യ കമ്മീഷനിൽ അംഗങ്ങളായി ഡോ. കൃഷ്ണ കിഷോര്‍ അടക്കം അഞ്ച് മലയാളികൾ

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം