
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വാടക മുടങ്ങിയെന്ന് ഇന്നലെ ആരോപണമുയർന്നിരുന്നു. ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നൽകിയിട്ടില്ലെന്നും വാടക ലഭിക്കാത്തതിനാൽ വാടക വീടുകളിൽ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായതെന്നും റിപ്പോർട്ട്. 547 കുടുംബങ്ങളുടെ വാടകയാണ് മുടങ്ങിയത്. വാടക നൽകുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നൽകാൻ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തലത്തിൽ നടപടി ഉണ്ടായില്ല. ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗൺഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നൽകിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിന് നൽകി. ഡിഡിഎംഐ യോഗം ചേർന്ന് ജില്ലാ ഭരണകൂടം പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ട്.
ടൗൺഷിപ്പ് നിർമാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി. അനുമതിയോടെ വേണ്ട മരങ്ങൾ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങൾ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം,അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam