പുത്തുമല ദുരന്തം: പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമ്മാണം വൈകുന്നു

By Web TeamFirst Published Sep 5, 2020, 12:02 AM IST
Highlights

നാല് മാസത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് തറക്കല്ലിടൽ സമയത്ത് പ്രഖ്യപിച്ചിരുന്നെങ്കിലും രണ്ട് മാസം പിന്നിടുമ്പോള്‍ 90 ശതമാനം വീടുകളുടെയും അസ്ഥിവാരം പോലും ആയിട്ടില്ല. മേപ്പാടി നെടുമ്പാലയിലെ പൂത്തകൊല്ലിയിലാണ് നിർദ്ദിഷ്ട പുത്തുമല പുനരധിവാസ പദ്ധതി വരുന്നത്.

വയനാട്: വയനാട്ടിലെ പുത്തുമല ദുരിതബാധിതർക്ക് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമ്മാണം വൈകുന്നു. നാല് മാസത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് തറക്കല്ലിടൽ സമയത്ത് പ്രഖ്യപിച്ചിരുന്നെങ്കിലും രണ്ട് മാസം പിന്നിടുമ്പോള്‍ 90 ശതമാനം വീടുകളുടെയും അസ്ഥിവാരം പോലും ആയിട്ടില്ല.

മേപ്പാടി നെടുമ്പാലയിലെ പൂത്തകൊല്ലിയിലാണ് നിർദ്ദിഷ്ട പുത്തുമല പുനരധിവാസ പദ്ധതി വരുന്നത്. പുത്തുമലയിൽ വീടും സ്ഥലവും നഷ്ടമായ 52 കുടുംബങ്ങൾക്കായി ഏഴു ഏക്കർ ഭൂമിയാണ് സ്പോൺസർഷിപ്പിലൂടെ ലഭിച്ചത്. ഭൂമി പ്ളോട്ടുകൾ തിരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി തറക്കല്ലിടൽ ചടങ്ങും നടന്നു.

നാല് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി കൈമാറാമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന വീടുകളുടെ അസ്ഥിവാരം മാത്രമേ പൂർത്തിയായുള്ളു. സർക്കാർ സഹായമായ നാല് ലക്ഷം രൂപ ഇതിനകം ചില ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ വന്നിട്ടുണ്ട്. ഈ തുക സ്പോൺസർമാർക്ക് കൈമാറി അവരുടെ വിഹിതം കൂടെ ഉൾപ്പെടുത്തി നിർമ്മിക്കുമെന്നാണ് ധാരണ.

വീട് നിർമ്മാണം വൈകുന്നതിനെതിരെ ഗുണഭോക്താക്കൾ രംഗത്തെത്തി. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളാണ് നിർമ്മാണ പ്രവർത്തനം വൈകുന്നതിന് കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്. 44 ഗുണഭോക്താക്കൾ ആശ്വാസ സഹായമായ 10 ലക്ഷം രൂപ വാങ്ങി സ്വയം സ്ഥലം കണ്ടെത്തിയിരുന്നു.. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ 17 പേരായിരുന്നു മരിച്ചത്.

click me!