അനിൽ പനച്ചൂരാൻ്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

By Web TeamFirst Published Jan 4, 2021, 11:16 AM IST
Highlights

പോസ്റ്റ്മോർട്ടം വേണമെന്ന് അനിലിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്വദേശമായ കായംകുളത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങി ബന്ധുക്കൾ. പോസ്റ്റ്മോർട്ടം വേണമെന്ന് അനിലിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്വദേശമായ കായംകുളത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർ നടപടികൾക്കായി കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അനിലിൻ്റെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്

ഇന്നലെ രാത്രിയോടെയാണ് ഛർദ്ദിച്ച് അവശനിലയിലായ അനിൽ പനച്ചൂരാനെ കിംസിലേക്ക് എത്തിച്ചത്. അനിൽ രക്തം ഛർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിർദേശിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിലവിൽ ഡോക്ടർമാരുടെ നിഗമനം. 

ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയിൽ പോലും അനിൽ ബോധവാനായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. 12 മണിയോടെ കായംകുളം പൊലീസ് കിംസിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡി.കോളേജിലേക്ക് കൊണ്ടു പോകും. നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ തന്നെ അനിലിൻ്റെ സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. 

click me!