സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറസ് പദ്ധതി: റിലയന്‍സിനെ ഒഴിവാക്കിയേക്കും

By Web TeamFirst Published Aug 18, 2019, 11:43 PM IST
Highlights

സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനവും പദ്ധതിയോട്  സഹകരിക്കാന്‍ തയ്യാറാവാത്തതാണ് പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആവാനുള്ള കാരണം.  

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യ ഇൻഷുറന്‍സ് പദ്ധതിയായ മെഡിസെപിലെ അനിശ്ചിതത്വം തുടരുന്നു. ഇടനിലക്കാരുടെ  ചൂഷണം ഒഴിവാക്കാന്‍  പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.റിലയന്‍സിനെ ഒഴിവാക്കി പുതിയ ടെണ്ടര്‍ ക്ഷണിച്ചാല്‍ പദ്ധതി ഇനിയും  മൂന്നുമാസമെങ്കിലും വൈകുമെന്നാണ് സൂചന. 

സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യപദ്ധതിയായ മെഡിസെപിന്‍റെ നടത്തിപ്പ് ചുമതല് റിലയന്‍സിന് കൈമാറാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടിരുന്നില്ല.  സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനവും പദ്ധതിയോട്  സഹകരിക്കാന്‍ തയ്യാറാവാത്തതാണ് പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആവാനുള്ള കാരണം.  ചികിത്സ ചെലവായി റിലയന്‍സ് നിശ്ചയിച്ച തുക തീരെ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐഎംഎ വിശദികരിക്കുന്നു. ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി നിലവിലുള്ള സംവിധാനം വിപുലീകരിച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം. 

മികച്ച ആശുപത്രികളെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മെഡിസെപ് പദ്ധതി റിലയന്‍സിന് കൈമാറുകയുള്ളുവെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.‍ ഒരാഴ്ചക്കുളളില്‍ നിലവിലെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പോരായ്മ പരിഹരിക്കണമെന്ന് റിലയിന്‍സിനോട്  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായ സ്ഥിതിക്ക് ടെണ്ടര്‍ റദ്ദാക്കാനുള്ള നടപടികള്‍ ഉടനുണ്ടാവും എന്നാണ് സൂചന. 

click me!