
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസവുമായി കാലാവസ്ഥ വിദഗ്ദർ. കേരളത്തിലെ കൊടും ചൂടിന് കാരണമായിരുന്ന പ്രതി ചക്രവാതം ദുർബലമാകുന്നു. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന ഈ പ്രതി ചക്രവാതം ദുർബലമാകുന്നതോടെ കേരളത്തിലെ അന്തരീക്ഷമടക്കം അൽപം തണുത്തേക്കും. ഇതിനൊപ്പം തന്നെ ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കുമെന്നും കാലാവസ്ഥ വിദഗ്ദർ സൂചന നൽകിയിട്ടുണ്ട്. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് കേരളത്തിലെ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിനുള്ള കാരണവും. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസ്സമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഈ പ്രതിചക്രവാതം ദുർബലമായി വടക്കോട്ട് നീങ്ങി. അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കാൻ അനുകൂലമാകുന്ന സാഹചര്യം ഒരുങ്ങി. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. ഇതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം. 23 -ാം തീയതിയോടെ വീണ്ടും അൽപം ചൂട് കൂടിയേക്കും. അതിന് ശേഷം, ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നാളെ (ഏപ്രിൽ 20) മുതൽ ഉടൻ താൽക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1°C (ഫീൽഡ് ടെംപറേച്ചർ 45°C വരെ) ഉയർന്ന യു വി ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്. ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കളക്ടർ വ്യക്തമാക്കി. താപനില 37°C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam