
മലപ്പുറം: മഹാപ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായതോടെ കഴിഞ്ഞ ഏഴ് വർഷമായി ദുരിത ജീവിതം നയിക്കുന്ന മലപ്പുറം വാണിയമ്പുഴ ഊരിലെ കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. 2 കോടി 46 ലക്ഷം രൂപ സർക്കാർ പുനരധിവാസത്തിനായി പ്രഖ്യാപിച്ചു. ഇരുട്ടിൽ ജീവിതം നയിക്കുന്ന മനുഷ്യരുടെ നേർചിത്രം പുറംലോകമറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ്. നിയമസഭയിൽ നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്തിന്റെ സബ്മിഷന് ഉള്ള മറുപടിയിൽ മന്ത്രി കെ എ തുളസിയാണ് 2 കോടി 46 ലക്ഷം രൂപ പ്രഖ്യാപിച്ചതായി അറിയിച്ചത്. സർക്കാരിന്റെ പ്രഖ്യാപനം കുടുംബങ്ങൾക്ക് വലിയ ആശ്വാസമാവുകയാണ്.
വാണിയമ്പുഴ ഊരിലെ കുടുംബങ്ങളുടെ ജീവിതം കഴിഞ്ഞ 7 വർഷമായി അത്രമേൽ ദുരിതത്തിലായിരുന്നു. ടാർപോളിൻ ഷീറ്റ് കൊണ്ട് വലിച്ചു കെട്ടിയ വീട്, അവിടെ വൈദ്യുതിയില്ല, ശുചിമുറിയുമില്ല. എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങൾ ആക്രമിക്കുമെന്ന ഭീതിയും പേറിയാണ് വാണിയമ്പുഴ ഊരിൽ 41 കുടുംബങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി ദുരിതത്തിൽ കഴിയുന്നത്. മഹാ പ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതയതോടെ തുടങ്ങിയ ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പ്രേക്ഷകർ കണ്ടത്. ഒടുവിൽ ഇവരുടെ പുനരധിവാസത്തിനായി സർക്കാർ ഇടപെട്ടു. നിയമസഭയിൽ നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്തിന്റെ സബ്മിഷന് ഉള്ള മറുപടിയിൽ മന്ത്രി കെ എ തുളസിയാണ് 2 കോടി 46 ലക്ഷം രൂപ പ്രഖ്യാപിച്ചതായി അറിയിച്ചത്. ഈ വർഷം ജൂലൈ മാസത്തിൽ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ സർക്കാരിന് സമർപ്പിച്ച പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തിന് മുൻപ് കുടുംബങ്ങൾക്ക് ഉണ്ടായിരുന്ന അതേ അളവിൽ തന്നെയുള്ള ഭൂമി വാണിയമ്പുഴയിൽ പതിച്ചു നൽകിയിട്ടുണ്ട്. ഇവിടെ വീടൊരുക്കാൻ ഒരു കുടുംബത്തിന് 6 ലക്ഷം രൂപയാണ് നൽകുക. വീട് പണി പൂർത്തീകരിക്കാനും അനുബന്ധപ്രവർത്തനങ്ങൾക്കും അതാത് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനാവകാശ നിയമപ്രകാരം ഭൂമി പതിച്ച് നൽകുന്നതിലാണ് വലിയ കാലതാമസം നേരിട്ടത്. എന്നാൽ സർക്കാരിന്റെ പ്രഖ്യാപനം കുടുംബങ്ങൾക്ക് വലിയ ആശ്വാസമാവുകയാണ്. വീട് ഒരുങ്ങുന്നതുവരെ താൽക്കാലിക ശുചിമുറി സ്ഥാപിക്കാനുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam