
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയില്ല.
ലോകായുക്ത നിയമപ്രകാരമാണ് ഫുൾ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ ?എന്നും ലോകായുക്ത ചോദിച്ചു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും. ഇത് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി.
നിഗമനങ്ങളിൽ മാറ്റമുണ്ടാകാം ഉണ്ടാകാതിരിക്കാം. പയസ്കുര്യാക്കോസും ജസ്ജിസ് ബഷീറും കാരണം വ്യക്തമാക്കാതെ മുമ്പ് വ്യത്യസ്ത വിധി പറഞ്ഞപ്പോൾ നിങ്ങൾ എന്തു കൊണ്ട് എതിർത്തില്ലെന്ന് ലോകായുക്ത ഹർജിക്കാരനോട് ചോദിച്ചു. മൂന്നാമത്തെ ജഡ്ജ് കൂടി കേൾക്കുമ്പോൾ ചർച്ച നടക്കുമ്പോൾ എന്റെ അഭിപ്രായത്തിനും മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്ന് ഉപലോകായുക്തയും ചോദിച്ചു. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു.
'ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യം'; വിഡി സതീശൻ
ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനെ ലോകായുക്ത എതിർക്കേണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. ഹർജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചത്. ആർക്കും നോട്ടീസ് അയച്ചിട്ടില്ല. വിശദവാദം കേൾക്കുമ്പോൾ മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നത്. എല്ലാവർക്കും നോട്ടീസ് അയച്ചു വാദം കേട്ടു. നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാൽ മൂന്നംഗ ബഞ്ചിന് വിട്ടുവെന്നും ലോകായുക്ത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam