'പാളയം പ്രദീപിനെ നിയമിക്കാനായി മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും': രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് കെപിസിസി പ്രസിഡന്‍റ്

Published : Sep 08, 2026, 10:39 AM IST
Remya Haridas Sunny Joseph

Synopsis

ചിറയിൻകീഴ് സംഘർഷ വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെ കടുത്ത അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ നിയമിക്കാൻ മുൻകാല പ്രാബല്യത്തോടെ കത്ത് നൽകിയത് ശരിയല്ലെന്നും കത്തിലെ തീയതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല എന്നതാണ് കെ പി സി സിയുടെ നിലപാട്. രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷൻ എ എം ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യും. ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും സണ്ണി ജോസഫ് ഓ‍ർമ്മിപ്പിച്ചു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് പ്രദിപിന് വേണ്ടി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.

രമ്യയുടെ വെല്ലുവിളി

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെ പി സി സി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എം എൽ എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു.

പാളയം പ്രദീപ് നേരത്തേ മുതൽ തൻ്റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്‍റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രമ്യയും ഇന്നലെ രാവിലെ പ്രദീപും പറഞ്ഞത് സ്റ്റാഫാണെന്നായിരുന്നു. പിന്നാലെ രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു. പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയപാതയിലെ സുരക്ഷ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി, നിർമാണ മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി
വാർത്താ‌ചോർച്ച തടയാൻ ഇരുമ്പ് മറയൊരുക്കി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി