റിപ്പബ്ളിക് ദിനത്തില്‍ സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ പതാക ഉയര്‍ത്തി

By Web TeamFirst Published Jan 26, 2020, 3:12 PM IST
Highlights

ചില പള്ളികളും മതസ്ഥാപനങ്ങളും സ്വമേധയാ റിപ്പബ്ലിക്, സ്വാതന്ത്യദിനങ്ങളില്‍ പതാകയുയര്‍ത്താറുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതാദ്യമായാണ്. 

കോഴിക്കോട്: വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളികളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാകയുയര്‍ത്തി ഭരണഘടനയുടെ ആമുഖം വായിച്ചു. ഇതാദ്യമായാണ്  ഇത്തരമൊരു നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത്  മുസ്ലിം പള്ളികളില്‍  പതാകയുയര്‍ത്തുന്നത്.

കോഴിക്കോട്ടെയും മലപ്പുറത്തെയുമടക്കം പ്രധാന മുസ്ലിം പള്ളികളില്‍ കാലത്ത് ആഘോഷപൂര്‍വ്വം ദേശീയ പതാകയുയര്‍ത്തി.  ഇമാമുമാരും ഭാരവാഹികളും വിശ്വാസികളും ഭരണഘടന ആമുഖം വായിച്ച് ഭരണഘടനാസംരക്ഷണ പ്രതിജ്ഞ ഏറ്റു ചൊല്ലി. സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള  വഖഫ് ബോര്‍ഡാണ് ഇതിനായി നിര്‍ദ്ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് ഇത്തരമൊരും ഉത്തരവിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

ചില പള്ളികളും മതസ്ഥാപനങ്ങളും സ്വമേധയാ റിപ്പബ്ലിക്, സ്വാതന്ത്യദിനങ്ങളില്‍ പതാകയുയര്‍ത്താറുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതാദ്യമായാണ്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ മാത്രം പതാകയുയര്‍ത്താന്‍ പറയുന്നത് അവരോട് മാത്രം രാജ്യസ്നേഹം തെളിയിക്കാന്‍ പറയുന്നത് പോലയാണെന്ന് സമുഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ മത സംഘടനകള്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. പതാക ഉയര്‍ത്തിയതില്‍ സന്തോഷമേയുള്ളൂ എന്നും എന്നാല്‍ ക്ഷേത്രങ്ങളിലും മറ്റും എന്തുകൊണ്ടുയര്‍ത്തിയില്ല എന്ന കാര്യംബന്ധപ്പെട്ടവര്‍ വ്യക്തമാക്കട്ടേയെന്നും സുന്നി നേതാവ് ജിഫ്രി മുത്തക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പതാകയുയര്‍ത്താനുള്ള തീരുമാനം സര്‍ക്കാരിന്‍റേതല്ലെന്നും വഖഫ് ബോര്‍ഡിന്‍റേതാണെന്നും  അതില്‍ അസ്വാഭാവികയില്ലെന്നും മന്ത്രി കെടി ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!