തെറ്റായ വാര്‍ത്ത പങ്കുവയ്ക്കുന്നത് ശരിയല്ല; പഞ്ചായത്ത് പ്രസിഡന്‍റ് ആവുമെന്ന പ്രചാരണം തള്ളി രേഷ്മ മറിയം റോയി

By Web TeamFirst Published Dec 22, 2020, 12:50 PM IST
Highlights

എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്ത അരുവാപ്പുലം പഞ്ചായത്തിലെ പ്രസിഡന്‍റ് ആയേക്കുമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും നടക്കുന്ന പ്രചാരണമാണ് രേഷ്മ തള്ളിയത്. 

അരുവാപ്പുലം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായ രേഷ്മ മറിയം റോയി പഞ്ചായത്ത് പ്രസിഡന്‍റ് ആവുന്നുവെന്ന നിലയിലുള്ള പ്രചാരണം തള്ളി രേഷ്മ. എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്ത അരുവാപ്പുലം പഞ്ചായത്തിലെ പ്രസിഡന്‍റ് ആയേക്കുമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടിലുകളിലും നടക്കുന്ന പ്രചാരണമാണ് രേഷ്മ തള്ളിയത്. പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമാണ്. അതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത രേഷ്മയ്ക്കെന്നായിരുന്നു പ്രചാരണം. 

എന്നാല്‍ പ്രചാരണം തെറ്റാണെന്ന് രേഷ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എന്നെ സ്ഥാനാർഥി ആക്കിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്.ജയിപ്പിച്ചത് ജനങ്ങളും.വ്യക്തികൾ തീരുമാനം എടുത്തു നടപ്പിലാക്കുന്ന മറ്റ് പ്രസ്ഥാനങ്ങൾ ഉണ്ടാവാം.പക്ഷെ എന്റെ പാർട്ടി സിപിഐഎം ആണ്.സിപിഐഎം ന്റെ എളിയ പാർട്ടി അംഗം മാത്രമാണ് ഞാൻ.എന്റെ പാർട്ടിയ്ക്ക് ഓരോ കാര്യങ്ങളിലും കൃത്യമായ നടപടിക്രമങ്ങൾ ഉണ്ട്.അതൊക്കെ പൂർത്തിയാക്കി പ്രസിഡന്റ് ആരാണെന്നുള്ളത് പാർട്ടി തന്നെ എല്ലാവരെയും അറിയിക്കും.എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ആവാം കേട്ടപാടെ ഏവരും വാർത്തകൾ നവമാധ്യമത്തിൽ പങ്കുവച്ചത്.പക്ഷെ തെറ്റായ വാർത്തകൾ പങ്കുവയ്ക്കുന്നത് ശരിയല്ലെന്ന് രേഷ്മ കുറിക്കുന്നു. 

2020 നവംബര്‍ 18- നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. അരുവപ്പാലം പഞ്ചായത്തിലെ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ 11ാം വാര്‍ഡില്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചത്.

click me!