ഡിസിസി പുനസംഘടന മൂന്ന് ജില്ലകളിൽ മാത്രം, മറ്റു ജില്ലകളിൽ മാറ്റം പിന്നീട്

Published : Jan 18, 2021, 11:29 PM IST
ഡിസിസി പുനസംഘടന മൂന്ന് ജില്ലകളിൽ മാത്രം, മറ്റു ജില്ലകളിൽ മാറ്റം പിന്നീട്

Synopsis

ഡിസിസി അധ്യക്ഷൻമാര്‍ ഇരട്ടപ്പദവി വഹിക്കുന്ന ജില്ലകളിൽ മാത്രം മതി പുനസംഘടന എന്നാണ് തീരുമാനം. ഇപ്രകാരം പാലക്കാട്, വയനാട്, എറണാകുളം ഡി സി സി അധ്യക്ഷമാരെ മാറ്റാനാണ് നിലവിൽ സാധ്യത. 

ദില്ലി: തദ്ദേശതെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ പുനസംഘടന വേണമെന്ന എഐസിസി തീരുമാനം പാളുന്നു. പാര്‍ട്ടിക്ക് കനത്ത തോൽവി നേരിടേണ്ടി വന്ന ആറ് ജില്ലകളിലെങ്കിലും മാറ്റമുണ്ടാക്കും എന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പുനസംഘടന മൂന്ന് ജില്ലകളിൽ മാത്രമാക്കി ചുരുക്കാനാണ് ദില്ലിയിൽ ഒടുവിൽ നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം. 

ഡിസിസി അധ്യക്ഷൻമാര്‍ ഇരട്ടപ്പദവി വഹിക്കുന്ന ജില്ലകളിൽ മാത്രം മതി പുനസംഘടന എന്നാണ് തീരുമാനം. ഇപ്രകാരം പാലക്കാട്, വയനാട്, എറണാകുളം ഡി സി സി അധ്യക്ഷമാരെ മാറ്റാനാണ് നിലവിൽ സാധ്യത. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം എംപി വി.കെ.ശ്രീകണ്ഠനാണ് കൈകാര്യം ചെയ്യുന്നത്. എറണാകുളം എംഎൽഎ ടിജെ വിനോദാണ് ജില്ലയിലെ ഡിസിസി അധ്യക്ഷൻ. ഐസി ബാലകൃഷ്ണൻ എംഎൽഎയാണ് വയനാട് ഡിസിസി അധ്യക്ഷൻ. ഇവര്‍ക്കെല്ലാം പകരം പുതിയ ആളുകളെ ഉടൻ പ്രഖ്യാപിച്ചേക്കും. 

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , കാസര്‍ഗോഡ്, കൊല്ലം ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുനസംഘടന വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനുണ്ടായിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന ഘട്ടത്തിൽ നടക്കുന്ന പുനസംഘടന തിരിച്ചടിക്കും എന്നായിരുന്നു എ-ഐ ഗ്രൂപ്പുകളുടെ നിലപാട്.

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'