മാഹിയിൽ നിന്ന് ഇനി മദ്യം കിട്ടില്ല, ആധാർ നിർബന്ധമാക്കി

By Web TeamFirst Published May 20, 2020, 1:37 PM IST
Highlights

മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കി. മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.

മാഹി: പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല. കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മാഹിയിൽ നിന്ന് മാഹി സ്വദേശികളല്ലാത്തവർക്ക് മദ്യം വാങ്ങാൻ ഇതോടെ പറ്റാതാവും.

മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കി. മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.

ദിവസം 50 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് മാഹിയിൽ നടക്കാറ്. ഈ മദ്യമൊക്കെ കുടിക്കുന്നത് മാഹിക്കാരല്ല എന്ന സത്യം ഏവർക്കുമറിയാം. കേരളത്തിൽ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കൾ. ആധാർ നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് മുന്നിൽ മദ്യത്തിൻ്റെ  വാതിൽ മാഹി അടച്ചു. ഇത് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാന്ന് മാഹി സ്വദേശികൾ.

ഒൻപത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് മാഹി. ഫ്രഞ്ച് കോളനിയായിരുന്നത് മുതൽ മദ്യ പെരുമ കൂടി മാഹിക്കൊപ്പം ചേർത്തുവെച്ചിരുന്നു. ജനസംഖ്യ നാൽപ്പത്താറായിരം. ഇതിൽ പകുതിയോളം സ്ത്രീകൾ. പിന്നെ 7000 ത്തോളം കുട്ടികൾ.

പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോർട്ടുകളായതിനാലാണ് മദ്യം വാങ്ങാൻ ആധാർ നിർബന്ധമാക്കിയത്. എന്നാൽ മാഹിക്ക് സമീപം ഹോട്ട് സ്പോട്ടുകൾ ഇല്ല. മാഹിയിൽ മദ്യഷോപ്പുകൾ ഈ ആഴ്ച അവസാനത്തോടെ തുറന്നേക്കും.

click me!