നവീൻബാബു കേസിൽ എസ്ഐടി അം​ഗമായിരുന്ന റിട്ട. എസിപി രത്നകുമാർ ശ്രീകണ്ഠാപുരത്ത് സിപിഎം സ്ഥാനാർത്ഥി

Published : Nov 13, 2025, 10:20 PM IST
CPM candidate kannur

Synopsis

കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ ഡിവിഷനിലാണ് മുന്‍ എസിപി ടി കെ രത്നകുമാര്‍ മത്സരിക്കുന്നത്. പിപി ദിവ്യ പ്രതിയായ കേസില്‍ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം അന്വേഷിച്ച സംഘത്തിലെ മുൻ എസിപി നഗരസഭയിൽ സിപിഎം സ്ഥാനാർത്ഥി. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ ഡിവിഷനിലാണ് മുന്‍ എസിപി ടി കെ രത്നകുമാര്‍ മത്സരിക്കുന്നത്. പിപി ദിവ്യ പ്രതിയായ കേസില്‍ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെ വാട്സ് ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രമയച്ചതിന്‍റെ പേരിൽ പാർട്ടി നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറിയെയും പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം സ്ഥാനാർത്ഥിയാക്കി.

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ പ്രതിയായ നവീന്‍ ബാബു കേസ് അന്വേഷിച്ചത് പ്രത്യേക സംഘമാണ്. ഇതിന്‍റെ മേല്‍നോട്ട ചുമതലയായിരുന്നു അന്ന് എസിപിയായിരുന്ന ടികെ രത്നകുമാറിന്. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍നിന്ന് വിരമിച്ച രത്നകുമാറിനെയാണ് ശ്രീകണ്ഠാപുരം നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം കണ്ടുവച്ചതും മത്സരിപ്പിക്കുന്നതും. സിപിഎം നേതാവായ പിപി ദിവ്യയെ നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമിച്ചുവെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് രത്നകുമാറിനുള്ള സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വാട്സ് ആപ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്‍റെ പേരില്‍ സംഘടനാനടപടി നേരിട്ടയാള്‍ പയ്യന്നൂര്‍ നഗരസഭയിലും സിപിഎം സ്ഥാനാര്‍ഥിയായി. മുന്‍ ഏരിയാ സെക്രട്ടറി കെപി മധുവാണ് ഏഴാം ഡിവിഷനില്‍ മത്സരിക്കുന്നത്. 2020 ജൂലൈയിലാണ് മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. രത്നകുമാറിന്‍റെയും മധുവിന്‍റെയും സ്ഥാനാര്‍ഥിത്വത്തിനെതിരെ വലിയ വിമര്‍ശനമാണ് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു